'ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി, അനുവദിച്ചത് 825.71 കോടി രൂപ; കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതം'

സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ തന്നെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.

ജൂണ്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുകയായിരുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.

അനുവദിച്ച തുക ബാങ്കുകള്‍ക്കും കൈമാറിയെന്നും ബാങ്ക് അക്കൗണ്ടു വഴി പെന്‍ഷന്‍ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ശനിയാഴ്ച തന്നെ പെന്‍ഷന്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റുള്ളവര്‍ക്കെല്ലാം വരും ദിവസങ്ങളില്‍തന്നെ പെന്‍ഷന്‍ ലഭിക്കുമെന്നും വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വസ്തുത എന്താണെന്ന് അന്വേഷിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെയാണ് പ്രസ്താവന . ഈ അവാസ്തവ പ്രസ്താവന തള്ളിക്കളയണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു
Previous Post Next Post