ടെൽഅവീവ്: ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടിയായി ഇറാൻ(Israel -Iran Mideast War) നടത്തിയ പ്രത്യാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ അർധരാത്രിയോടെയാണ് ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ടെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ആക്രമണത്തിൽ ടെൽഅവീവിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ടെൽഅവീവിലെ ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വൻ സ്ഫോടനം നടന്നതായും തീപിടിത്തത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രയേൽ നിർദേശം നൽകിയിരുന്നു. ടെൽ അവീവിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയോ ലൊക്കേഷൻ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേൽ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.