ആക്സിയം 4 വിക്ഷേപണം വീണ്ടും മാറ്റി; കൂടുതല്‍ സമയം വേണമെന്ന് നാസ

ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

ജൂണ്‍ 22 നിശ്ചയിച്ചിരുന്ന വിക്ഷേണംവീണ്ടും നീട്ടി. പുതിയ തീയതി പ്രഖ്യാപിക്കാതെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമായ ആക്സിയം-4 നീട്ടിവച്ചുകൊണ്ടുള്ള നാസയുടെ അറിയിപ്പ്.

'ആക്‌സിയം മിഷന്‍ 4 നുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ച്‌ വരികയാണ്. ജൂണ്‍ 22 ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കും.' എന്നാണ് നാസയുടെ അറിയിപ്പ്. അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ നിലയം തയ്യാറാണെന്ന് ഉറപ്പാക്കാന്‍ നാസ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്നും നാസ പത്രക്കുറിപ്പില്‍ അറിയിച്ചു.

ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്‌സിയം 4. നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐഎസ്‌ആര്‍ഒ പ്രതിവിധിയായി ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്‌എ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേര്‍.

ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് പേടകം വിക്ഷേപിക്കാനാണ് തീരുമാനം. ഫാല്‍ക്കണ്‍ 9 ലെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്നത്.
Previous Post Next Post