രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരാളൊഴികെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചതായി ഗുജറാത്ത് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ജി. നായരും ഉള്‍പ്പെടുന്നു. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ജനവാസ മേഖലയില്‍ തകർന്നു വീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ്. അപകടത്തില്‍ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്. എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടർമാരും മരിച്ചു.
1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളില്‍ തകരുകയും ചെയ്തു. 625 അടി ഉയരത്തില്‍ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം താത്ക്കാലികമായി അടച്ചതായും സർവീസുകള്‍ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു
പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്.