ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക സമ്മേളനമില്ല; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ

ന്യൂഡൽഹി: പാകിസ്ഥാനെതിരെ സ്വീകരിച്ച സൈനിക നടപടി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ( Operation Sindoor ) ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ( Monsoon Session ) ജൂലൈ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജിജു അറിയിച്ചു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചതെന്ന് മന്ത്രി റിജ്ജിജു അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസർക്കാർ പുറത്തു വിട്ടത്.


ചട്ടപ്രകാരമുള്ള എല്ലാ വിഷയങ്ങളും പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു കൂട്ടിച്ചേർത്തു. ഒദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ, ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ച വളരെ പോസിറ്റീവായിരുന്നുവെന്ന് കേന്ദ്രമന്ത്രി റിജ്ജിജു പറഞ്ഞു.


ഈ വിഷയത്തിൽ ഓരോ രാഷ്ട്രീയപാർട്ടിക്കും വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയില്ല. കാരണം വിഷയം ഗൗരവമേറിയതും രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതുമാണ്. അഴിമതിയെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുമ്പോൾ, അത് ജുഡീഷ്യറിയിലെ അഴിമതിയായാലും മറ്റെവിടെയായാലും, ഏറ്റവും മുന്തിയ പരിഗണനയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. അതിന്മേൽ പക്ഷപാതപരമായ നിലപാട് എടുക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജിജു പറഞ്ഞു.

Previous Post Next Post