നഴ്‌സിങ് കോളജുകളുടെ അഫിലിയേഷന്‍ ഈ മാസം 10 നകം; ഫീസ് വര്‍ധന ആവശ്യം ഫീസ് നിയന്ത്രണ സമിതിക്ക് വിടും

തിരുവനന്തപുരം: ഇക്കൊല്ലത്തെ നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനായി  സ്വാശ്രയ നഴ്‌സിങ് കോളജുകളുടെ അഫിലിയേഷൻ നടപടികൾ ഈ മാസം പത്തിനകം പൂർത്തിയാക്കാൻ സർക്കാർ നിർദേശം. ജൂൺ പത്തിനകം ആരോഗ്യ സർവകലാശാലയും കേരള നഴ്‌സിങ് കൗൺസിലും കോളജുകൾക്കുള്ള അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകും. ആരോഗ്യമന്ത്രി വീണാ ജോർജുമായി സ്വശ്രയ മാനേജ്‌മെന്റുകൾ നടത്തിയ ചർച്ചയിലാണ് ഈ ധാരണ.


കോളജുകളിലെ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്തതിനാൽ ഉപാധികളോടെയാകും അഫിലിയേഷൻ നൽകുക. അഫിലിയേഷൻ നടപടികൾ പൂർത്തിയായാൽ നഴ്‌സിങ് കോളജുകൾക്ക് പ്രവേശന പ്രോസ്‌പെക്ടസ് പ്രവേശനി ഫീസ് നിയന്ത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനാകും. ഇത് വേഗത്തിലാക്കാനുള്ള നിർദേശം സർക്കാർ നൽകും.


പ്രവേശനം തുടങ്ങുന്ന ഓഗസ്റ്റ് ഒന്നിന് മുമ്പ് നടപടികൾ പൂർത്തീകരിക്കും. നഴ്‌സിങ് കോളജുകളിലെ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിലെ ക്ലിനിക്കൽ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ ഉത്തരവിറക്കും. ബി.എസ് സി നഴ്‌സിങ് ഫീസ് വർധന സംബന്ധിച്ച മാനേജ്‌മെന്റുകളുടെ ആവശ്യം പരിശോധിക്കാൻ ഫീസ് നിയന്ത്രണ സമിതിക്ക് നിർദേശം നൽകും. സ്വാശ്രയ കോളജുകളിലെ 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ 10 ന് ശേഷം ആരംഭിക്കാനാകുമെന്ന് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.

Previous Post Next Post