കൊച്ചി: കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇഡി പറഞ്ഞു
ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖർ കുമാർ മുഖ്യപ്രതിയായ കേസിൽ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലൻസ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇ ഡിയുടെ വിശദീകരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇ ഡി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച അനീഷ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങളും ഇഡി ഇതോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.
അനീഷിനെതിരെ കൊട്ടാരക്കര പൊലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകൾ നിലവിലുണ്ട്. 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. അനീഷിന് മൂന്ന് സമൻസുകൾ നൽകിയിരുന്നു. അതിൽ ആദ്യ രണ്ടിനും ഇയാൾ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്.
ഹാജരായ ഘട്ടത്തിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ അനീഷ് പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാൾ ഒളിവിൽ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല. പിഎംഎൽഎ കേസിൽ മുൻകൂർ ജാമ്യത്തിന് അടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ഇഡിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അനീഷ് പ്രവർത്തിച്ചു തുടങ്ങിയത്. ആദ്യം ഒരു ഉദ്യോഗസ്ഥന്റെ പേരുപറയുന്നു. പിന്നീട് അത് മാറ്റിപ്പറയുന്നു. ഇതടക്കം പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് അനീഷ് ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ അനീഷിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ഇഡി പറയുന്നു. ആരോപണങ്ങളിൽ നീതിയുക്തവും പക്ഷപാതരഹിതവുമായ ഏതന്വേഷണത്തേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.