തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്. നാലു വർഷം പൂർത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവർത്തകർ വിപുലമായ ആഘോഷപരിപാടികളോടെ വാർഷികം കൊണ്ടാടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചിൽ കേക്ക് മുറിച്ച് അഞ്ചാം പിറന്നാൾ ആഘോഷിക്കും.
സംസ്ഥാനത്തിന്റെ പതിവ് തിരുത്തി തുടർഭരണം സാധ്യമാക്കിയാണ് ഇടതുസർക്കാർ തുടർച്ചയായ പത്താം വർഷത്തിലേക്ക് നീങ്ങുന്നത്. മോഹൻലാൽ സിനിമയുടെ പേരായ 'തുടരും' ടാഗ് ലൈനായി സ്വീകരിച്ച്, അധികാരത്തുടർച്ച ഉറപ്പിക്കാനുള്ള നീക്കവുമായാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്. 2016 മുതൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവതലസ്പർശിയുമായ വികസന മാതൃകയെ പൂർവാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം തുറമുഖം, ഗെയ്ൽ പൈപ്‌ലൈൻ, ഇടമൺ–കൊച്ചി പവർ ഹൈവേ പദ്ധതികൾ, രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണം, ഐടി കോറിഡോർ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത, കൊച്ചി വാട്ടർ മെട്രോ, പശ്ചിമ തീര കനാൽ വികസനം, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ വികസനപദ്ധതികളാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്.