തൃശൂർ: കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയിൽ വീശിയ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം.ഏതാനും നിമിഷം മാത്രം നീണ്ട കാറ്റിൽ ഏതാനും വീടുകളുടെ മേൽക്കൂരകൾ പറന്നുപോയതടക്കം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാറ്റടിച്ചത്. മിന്നൽ ചുഴലിയിൽ മരങ്ങൾ വീണും വീടുകൾക്ക് കേടുപാടുകൾ പറ്റി. ആർക്കും പരിക്കില്ല. കഴിഞ്ഞ കാലവർഷക്കാലത്തും ഈ പ്രദേശത്ത് ചുഴലിയടിച്ചിരുന്നു. അന്നും ഏറെ നാശനഷ്ടമുണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കവുങ്ങും ജാതിയുമടക്കം നിരവധി ഫലവൃക്ഷങ്ങളും കാറ്റിൽ നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.
കഴിഞ്ഞദിവസം കനത്ത മഴയെത്തുടർന്ന് തൃശൂർ എംജി റോഡിൽ പ്രവർത്തിക്കുന്ന ദേവി ഏജൻസീസ് വീട്ടുവളപ്പിലെ റിലയൻസ് ഷോപ്പിൽ നിന്ന് വലിയ ബോർഡ് ആണ് കാറ്റത്ത് വീണത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം എംഒ റോഡിൽ കൂറ്റൻ ഇരുമ്പ് മേൽക്കൂരയും പറന്നു വീണിരുന്നു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിൽ നിന്നും ആയിരം സ്‌ക്വയർഫീറ്റു വരുന്ന ഇരുമ്പിന്റെ കൂറ്റൻ മേൽക്കൂരയാണ് എംഒ റോഡിലേക്ക് പറന്നുവീണത്. ഏറ്റവും ജനത്തിരക്കേറിയ ഭാഗമായിരുന്നു ഇത്. മഴകാരണം ആളുകൾ ഒഴിഞ്ഞതിനാൽ വൻദുരന്തമാണ് ഒഴിവായത്.