തരൂരിനെ അകറ്റിനിർത്തിയത് ശരിയായില്ല; നേതൃത്വത്തിനെതിരെ കെ സുധാകരൻ

തിരുവനന്തപുരം: പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനുള്ള വിദേശസംഘവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂരിനെ കോൺഗ്രസ് നേതൃത്വം അകറ്റിനിർത്തിയത് ശരിയായ നടപടിയല്ല. വിദേശരാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തിൽ തരൂരിന്റെ പേരില്ലാതെ കേന്ദ്രസർക്കാരിന് പട്ടിക നൽകിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ സുധാകരൻ പറഞ്ഞു.


ആവശ്യമില്ലാത്ത കാര്യമായിപ്പോയി അത്. ശശി തരൂർ കഴിവും പ്രാപ്തിയും പാർട്ടിയോട് കൂറുമുള്ളയാളാണ്. അങ്ങനെ ഒരാളെ അകറ്റി നിർത്തിയത് ശരിയായില്ല. ഇക്കാര്യം താൻ ഒന്നു രണ്ടു നേതാക്കളെ വിളിച്ച് പറഞ്ഞിരുന്നു. കോൺ​ഗ്രസിന്റെ ലിസ്റ്റിനകത്ത് പേരുപോലും ഇട്ടില്ല എന്നത് വലിയ നേതാവിനെ അപമാനിക്കുന്നതാണ്. താൻ തരൂരുമായി സംസാരിച്ചിരുന്നു. അദ്ദേഹം പാർട്ടി വിട്ടുപോകില്ലെന്നാണ് തന്റെ പൂർണ വിശ്വാസം. തരൂരിനെയും ചേർത്തു നിർത്തി പാർട്ടി മുന്നോട്ടു പോകണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.


പാർട്ടിയിൽ താൻ സജീവമാകുമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് വർക്കിലേക്ക് പോകും. ബൂത്തു കമ്മിറ്റികളിൽ നേരിട്ട് പോകും. അതിനുള്ള അനുവാദം കെപിസിസി പ്രസിഡന്റ് നൽകിയിട്ടുണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് താങ്ങും തണലുമായി താനുണ്ടാകും. എന്നെ ആരെന്തു ചെയ്താലും ഞാൻ വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പാർട്ടിക്കെതിരെ ഒന്നും ചെയ്യില്ല. പാർട്ടിയാണ് എനിക്ക് വലുത്. ഈ പാർട്ടിയാണ് എന്നെ ഇതുവരെ എത്തിച്ചത്. ആ പാർട്ടിയോടുള്ള നന്ദിയും കൂറും മരിക്കുന്നതു വരെ കാത്തുസൂക്ഷിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.


ഇടതുപക്ഷത്തിന്റെ ഭരണം അവസാനിപ്പിക്കുക എന്നത് തന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനായി പ്രവർത്തിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നതൊന്നും നോക്കാൻ ആ​ഗ്രഹിക്കുന്നില്ല. പിണറായി വിജയൻ വാർഷികാഘോഷം നടക്കുമ്പോൾ, നാടും ന​ഗരവും കുത്തിയൊലിച്ചു പോകുകയാണ്. കിലോമീറ്റർ കണക്കിന് റോഡുകളൊക്കെ തകരുകയാണ്. ദേശീയ പാതകൾ തകരുന്നു. എന്നാൽ ഇതുവരെ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്തിയിട്ടില്ല. ഇവിടെ എന്താണ് ഉണ്ടാക്കിയത്. ഉണ്ടാക്കിയതെല്ലാം മുഖ്യമന്ത്രിയുടെ മോളുടെ അക്കൗണ്ടിലാണെന്നും കെ സുധാകരൻ ആരോപിച്ചു.

Previous Post Next Post