ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നൽകിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കൾക്ക് ശക്തമായ സന്ദേശം നൽകിയതായി കൂട്ടിച്ചേർത്തു. ബിക്കാനീറിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
'രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് രാജസ്ഥാൻ നമ്മെ പഠിപ്പിക്കുന്നു. ഏപ്രിൽ 22ന് ഭീകരർ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹൽഗാമിൽ ഉതിർത്ത വെടിയുണ്ടകൾ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേൽപ്പിച്ചത്'- മോദി ഓർമ്മിപ്പിച്ചു.
'അവിസ്മരണീയമായ രീതിയിൽ തിരിച്ചടിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. നമ്മുടെ സായുധ സേനയുടെ വീര്യത്താൽ, പാകിസ്ഥാൻ കീഴടങ്ങാൻ നിർബന്ധിതരായി. ആക്രമണം നടന്ന് വെറും 22 മിനിറ്റിനുള്ളിൽ, ഭീകര ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കൾ കണ്ടു. രക്തമല്ല, എന്റെ സിരകളിൽ തിളയ്ക്കുന്നത് സിന്ദൂരമാണ്'- മോദി ആഞ്ഞടിച്ചു