എണ്ണപ്പാട നശിപ്പിക്കാന്‍ പൊടി തളിക്കും, ഡോണിയര്‍ വിമാനങ്ങള്‍ രംഗത്ത്, തീരത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. MSC ELSA3 എന്ന കപ്പൽ പൂർണ്ണമായും മുങ്ങിയതിനെ തുടർന്നുള്ള സാഹചര്യം നേരിടുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.


തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷിച്ചു. തീരപ്രദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കണം. കപ്പലിൽ 643 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73 എണ്ണം കാലി കണ്ടെയിനറുകൾ ആണ്. 13 എണ്ണത്തിൽ ചില അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ കാൽസ്യം കാർബൈഡ് എന്ന രാസവസ്തു ഉണ്ട്. ഇത് വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്നതും പൊള്ളലിന് കാരണമാകാവുന്നതുമാണ്. കപ്പലിലെ ഇന്ധനവും ചോർന്നിട്ടുണ്ടെന്നും യോഗം മുന്നറിയിപ്പ് നൽകി.


ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 9 കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞു. ശക്തികുളങ്ങര ഹാർബറിന് സമീപം നാല് എണ്ണവും ചവറയ്ക്ക് സമീപം മൂന്ന് എണ്ണവും ചെറിയഅഴീക്കലിൽ ഒരെണ്ണവും ആലപ്പുഴ തൃക്കുന്നപ്പുഴയിൽ മറ്റൊരെണ്ണവും കണ്ടെത്തി. കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.


ടയർ 2, ഇൻസിഡന്റ് കാറ്റഗറിയിൽ ഉള്ള ദുരന്തം ആയതിനാൽ ദേശീയ സേനകളെയും സൗകര്യങ്ങളെയും റിസോഴ്‌സുകളും ഉപയോഗിച്ചാണ് പ്രതികരണ- പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അദ്ധ്യക്ഷൻ. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ ആണ് കണ്ടെയിനർ എത്താൻ കൂടുതൽ സാധ്യത. എണ്ണപ്പാട പടരാം എന്നതിനാൽ കേരള തീരത്ത് പൂർണ്ണമായും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ നടപടികളും വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചു ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.


ജാഗ്രതാനിർദേശങ്ങൾ:


1. തീരത്ത് അപൂർവ്വ വസ്തുക്കൾ, കണ്ടെയിനറുകൾ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റർ എങ്കിലും അകലെ നിൽക്കുക,112 എന്ന ഫോൺ നമ്പരിൽ വിളിച്ച് അറിയിക്കുക.


2. മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നൽകിയിട്ടുണ്ട്.


3. കപ്പൽ മുങ്ങിയ ഇടത്തു നിന്നും 20 നോട്ടിക്കൽ മൈൽ അകലെ വരെയുള്ള പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂർവ്വ വസ്തുക്കൾ, കണ്ടെയ്‌നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത് 112ൽ അറിയിക്കുക എന്ന നിർദേശം മത്സ്യ തൊഴിലാളികൾക്കും ബാധകം ആണ്.


4. കണ്ടെയ്നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ JCB, ക്രെയിനുകൾ വിനിയോഗിക്കാൻ Factories and Boilers വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, ഓരോ ടീമുകൾ വീതം വടക്കൻ ജില്ലകളിലും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.


5. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും ഓരോന്ന് വീതം വടക്കൻ ജില്ലകളിലും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.


6. ജില്ലാദുരന്ത നിവാരണ അതോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതായിരിക്കും.

7. കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ, കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, ഫാക്ടറീസ് & ബോയിലേഴ്‌സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.


8. ഓയിൽ സ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ സജ്ജീകരണമൊരുക്കാൻ കോസ്റ്റ് ഗാർഡ്, പോർട്ട് വകുപ്പ്, നേവി എന്നിവരോട് നിർദേശിച്ചിട്ടുണ്ട്.


9. കണ്ടെയിനർ, എണ്ണപ്പാട, കടലിന്റെ അടിയിലേക്ക് പോങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും വകുപ്പുകൾക്കും നൽകിയിട്ടുണ്ട്.


10. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്കായിരിക്കും സംസ്ഥാനം മുൻഗണന നൽകുക.

Previous Post Next Post