മലപ്പുറം: പി വി അൻവറിനെ മുന്നണിയിൽ എടുക്കുന്നതിനെച്ചൊല്ലി കോൺഗ്രസിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അൻവർ മുന്നണിയിൽ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിർന്ന നേതാവ് കെ സുധാകരൻ പറഞ്ഞു. അത് പാർട്ടി നേതാക്കൻമാർ കൂട്ടായിരുന്ന് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തിൽ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി വി അൻവർ വരുന്നതിന് വിഡി സതീശന് എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
അൻവർ വിഷയത്തിൽ ഉയർന്ന നേതാക്കൾ കൂട്ടായിരുന്ന് ഒരു ചർച്ച ഇതേവരെ നടത്തിയിട്ടില്ല. അത് സത്യമാണ്. പുതിയ കെപിസിസി പ്രസിഡന്റ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുമെന്നാണ് വിശ്വാസം. ഇക്കാര്യം സണ്ണി ജോസഫിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ താൽപ്പര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഒരു പാർട്ടിയ്ക്കകത്ത് പല നേതാക്കന്മാർക്കും പല തരത്തിലും ഉണ്ടാകാം. അത് അദ്ദേഹം പറയുന്നത് പാർട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് വ്യക്തിപമായ അഭിപ്രായം മാത്രമാണ്. ആ അഭിപ്രായം മാത്രമാണ് വരാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ ബലാബലം തീരുമാനിക്കുന്നത് എന്നു ചിന്തിക്കുന്നത് തെറ്റാണ്. കെ സുധാകരൻ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ നിർണായക ശക്തിയാണ്. എന്തുതന്നെയായാലും അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് യുഡിഎഫിന് തിരിച്ചടിയായിരിക്കും. അദ്ദേഹത്തിന്റെ കൈവശമുള്ള വോട്ട് യുഡിഎഫിന് കൊടുക്കാൻ തയ്യാറായാൽ യുഡിഎഫിന് അത് അസറ്റായിരിക്കും. അൻവറിനെ മുന്നണിയിൽ കൊണ്ടുവന്ന്, യുഡിഎഫിന്റെ കൂടെ നിർത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം അൻവർ വിഷയത്തിൽ താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും, കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നേതാക്കളോട് സംസാരിച്ചശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ ഞാൻ പറഞ്ഞ രണ്ടു വാചകങ്ങൾ എന്റെ തീരുമാനമല്ല, മറിച്ച് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനമാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. ഓരോരുത്തരും പറയുന്നതിന് മറുപടി പറയുന്നതിൽ അനൗചിത്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
പി വി അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്തയില്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. അൻവർ രാജിവെച്ചതുകൊണ്ടാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത് എന്ന അദ്ദേഹത്തിന്റെ സെന്റിമെന്റ്‌സിനെ മാനിക്കണമെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റേയും പൊതുവായ വികാരം. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്താഗതിയൊന്നും ആർക്കുമില്ല. എന്താണ് കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായതെന്ന് സംസാരിച്ചാലല്ലേ മനസ്സിലാകൂ. പ്രതിപക്ഷ നേതാവായാലും കെപിസിസി പ്രസിഡന്റായാലും കോൺഗ്രസിലെയോ യുഡിഎഫിലെയോ മറ്റു നേതാക്കൾക്കായാലും അൻവറിനെ ഒറ്റപ്പെടുത്തണമെന്നോ മോശമാക്കണമെന്നോ വിചാരം ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ഇടതുമുന്നണിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുന്ന അൻവറിനെ സംരക്ഷിക്കേണ്ട ഘട്ടം വേണ്ടിവന്നാൽ അതു ചെയ്യണമെന്ന വികാരമുള്ളവരാണ് അവരെല്ലാം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് തീർക്കട്ടെയെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അൻവർ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് നിലപാട് അതിനുശേഷം പറയാമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സതീശന്റെ ഈ നിലപാടിനെതിരേ പി വി അൻവർ രൂക്ഷവിമർശനമാണ് ഉയർത്തിയത്. യുഡിഎഫ് പ്രവേശനവും സഹകരണവും ആവശ്യപ്പെട്ട് നാലുമാസമായി കത്ത് നൽകി കാത്തിരിക്കുകയാണ്. ഇതേവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ല. യുഡിഎഫ് നേതാക്കാൾ തീരുമാനം പ്രഖ്യാപിക്കാൻ വിഡി സതീശനെ ചുമതലപ്പെടുത്തിയിട്ടും അദ്ദേഹം അത് നടപ്പിലാക്കുന്നില്ല. വസ്ത്രാക്ഷേപം നടത്തി തനിക്കുമേൽ ചെളിവാരി എറിയുകയാണ് ഇനി കാലുപിടിക്കാനില്ല. കെ സി വേണുഗോപാലുമായി കൂടി സംസാരിച്ചശേഷം അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്നും പിവി അൻവർ വ്യക്തമാക്കിയിരുന്നു.