തൃശൂർ: തൃശ്ശൂർ - ഗുരുവായൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയ്‌ക്കൊപ്പമുള്ള കാറ്റിനെ തുടർന്ന് അമല പരിസരത്ത് റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് മരം വീണതിനെ തുടർന്നാണ് തൃശൂർ- ഗുരുവായൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്.
ഇന്ന് തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തൃശ്ശൂരിൽ തന്നെ കനത്തമഴയിൽ ട്രെയിനിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗർ - തിരുന്നെൽവേലി എക്സ്പ്രസിന് മുകളിൽ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകൾ പതിച്ചത്.
ഇലക്ട്രിക് ലൈനിന് മുകളിലൂടെ പതിച്ച മരച്ചില്ലകൾ ട്രെയിനിന്റെ ലോക്കൽ കംപാർട്ട്മെന്റിന് മുകളിലാണ് വീണത്. ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. ട്രെയിനിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല. എന്നാൽ മരം മുറിച്ചുമാറ്റുന്നതിനായി ഒരു മണിക്കൂറോളം ട്രെയിൻ പ്രദേശത്ത് നിർത്തിയിടേണ്ടിവന്നു. ടിആർഡി സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു.