തൃശൂര്‍: തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ്. തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാര്‍ഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോള്‍ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സാംപിള്‍ വെടിക്കെട്ട് ഒന്നുമല്ല, വരാന്‍ പോകുന്നതേയുള്ളൂ. പൂരത്തെപ്പറ്റി പകുതിയില്‍ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തില്‍വരവും വെടിക്കെട്ടും മാത്രമാണ് തനിക്ക് ആകെ പരിചയമുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.