അവസാന നിമിഷം വരെ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനം. നിലമ്ബൂരില്‍ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി.
കെപിസിസി നല്‍കിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നല്‍കിയത്.
ഞങ്ങള്‍ സജ്ജമാണെന്നും എല്ലാവരെയും കൂടി യോജിപ്പിച്ചു വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പറഞ്ഞിരുന്നു. അൻവറിന്റെ റോള്‍ എന്തെന്ന് ഉടൻ പ്രഖ്യാപിക്കും. ഇന്നലെ ഞായറാഴ്ചയായതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതെന്നാണ് പ്രതിപക്ഷനേതാവിന്റെ വിശദീകരണം.
നിലമ്ബൂരില്‍ ആര്യാടൻ ഷൗക്കത്ത്
രാഷ്ട്രീയ നേതാവിന് ഒപ്പം സാംസ്കാരിക പ്രവർത്തകനും തിരക്കഥാകൃത്തുമാണ് ആര്യാടൻ ഷൗക്കത്ത്. 2016 ല്‍ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ അൻവറിന്റെ പിന്തുണയോടെ നേടിയെടുത്ത് തൻറെ പിതാവ് ആര്യാടൻ മുഹമ്മദിന്റെ ആഗ്രഹം സഫലമാക്കാമെന്ന പ്രതീക്ഷയിലാണ് ഷൗക്കത്ത് മത്സരത്തിനിറങ്ങുന്നത്.
ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതം അസ്തമിച്ച് തുടങ്ങിയപ്പോഴാണ് നിലമ്ബൂരില്‍ അദ്ദേഹത്തിന്റെ സീറ്റില്‍ ഷൌക്കത്ത് മത്സരിച്ചത്. കോണ്‍ഗ്രസിലും ലീഗിലും ഇതിനെ ചൊല്ലി കലഹം ഉണ്ടായി. ആ അവസരം മുതലെടുത്ത് പി വി അൻവർ നിലമ്ബൂരില്‍ നോട്ടമിട്ടപ്പോള്‍ ഷൗക്കത്തിന്, ആരാടിന്റ അതേ വഴി പിന്തുടരാം എന്ന സ്വപ്നം തല്‍ക്കാലത്തേക്ക് കൈവിടേണ്ടി വന്നു. 2021ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും ഡിസിസി പ്രസിഡണ്ടായിരുന്ന വി വി പ്രകാശിന് നറുക്ക് വീണു. നിരാശനായ ഷൗക്കത്ത് മനസ്സില്ലാ മനസ്സോടെയാണ് അന്ന് ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തത്. പിന്നീട് ആ പദവി വിഎസ് ജോയ്ക്ക് കൈമാറി കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിന്റെ ഭാവിയെത്ര ഭദ്രമല്ലെന്ന് സൂചന നല്‍കി. ഇതോടെ നേതൃത്വവുമായി ഷൗക്കത്ത് അകന്നു. ആര്യാടൻ്റെ പേരിലുണ്ടാക്കിയ ട്രസ്റ്റ് പാർട്ടിയെ ധിക്കരിച്ച് പരിപാടി സംഘടിപ്പിച്ചു. ഒടുവില്‍ മുന്നറിയിപ്പിന് വഴങ്ങി ഷൗക്കത്ത് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമായി. അൻവർ സ്ഥാനമൊഴിഞ്ഞതോടെ നിലമ്ബൂരിലെ എതിരാളി ഇല്ലാതായി. ഒരുവേള കൈവിട്ടു പോകും എന്ന് കരുതിയ സീറ്റ് ആരാടന്റെ മകനെന്ന വിലാസം കൂടി മുൻനിർത്തി ഷൗക്കത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
പല മത സംഘടനകളും ആയും നിലമ്ബൂരിലെ പ്രമുഖരുമായും പലകാലത്തും ഷൗക്കത്ത് ഇടഞ്ഞിരുന്നു. പക്ഷേ പി വി അബ്ദുല്‍ വഹാബ് അടക്കം പഴയ എതിരാളികള്‍ ഇപ്പോള്‍ ഷൗക്കത്തിന് സ്വന്തക്കാരാണ്. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയ്ക്ക് മണ്ഡലത്തിന് പുറത്തേക്ക് വളർന്നുനില്‍ക്കുന്ന പ്രതിച്ഛായയില്‍ വ്യക്തിത്വവും തുണയാകും എന്നു ഷൗക്കത്ത് പ്രതീക്ഷിക്കുന്നു.