ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇഡിയുടെ ഏജന്റുമാരെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.


വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിൽസണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.


കശുവണ്ടി വ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വർഷങ്ങൾക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. ഇത് നൽകാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാൻ വീണ്ടും സമൻസ് അയപ്പിക്കാമെന്നും പറഞ്ഞു.


മെയ് 14ന് പരാതിക്കാരന് സമൻസ് ലഭിച്ചതായി വിജിലൻസ് പറഞ്ഞു. തുടർന്ന് വിൽസണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡിൽ നേരിൽ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടിൽ നൽകാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏൽപ്പിക്കാനും വിൽസൺ നിർദേശിച്ചു. 50,000 രൂപകൂടി അധികമായി നൽകണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നൽകി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലൻസിനെ സമീപിച്ചത്. എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടത്തിവരുന്നതായും ഇഡി കേസിന്റെ വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചത് എങ്ങനെയെന്നും പരിശോധിക്കുന്നതായും അധികൃതർ അറിയിച്ചു.

Previous Post Next Post