കനത്ത മഴ വെല്ലുവിളി, ദൗത്യത്തിന് ഇന്‍ഫ്രാറെഡ് കാമറയും; എണ്ണപ്പാട നീക്കാനുള്ള ദൗത്യം പുരോ​ഗമിക്കുന്നു

കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലിൽ ലൈബീരിയൻ ചരക്കു കപ്പൽ എംഎസ്സി എൽസ 3 മുങ്ങിയതിനെ തുടർന്നുണ്ടായ എണ്ണപ്പാട  നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കൽ മൈൽ (3.7 കിലോമീറ്റർ) ചുറ്റളവിൽ മാത്രം എണ്ണപ്പാട ഒതുക്കി നിർത്താനും തീരത്തേക്കു വ്യാപിക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. എന്നാൽ, കനത്ത മഴയും ശക്തമായ കാറ്റും മൂലം കടൽ പ്രക്ഷുബ്ധമായതും കാഴ്ചാ പരിധി കുറഞ്ഞതും തീരസേനയുടെ ശ്രമങ്ങൾക്കു തിരിച്ചടിയായിട്ടുണ്ട്.


കോസ്റ്റ് ഗാർഡ് കപ്പലുകളായ ഐസിജിഎസ് വിക്രം, സക്ഷം, സമർത്ഥ് എന്നിവയാണ് കപ്പൽ മുങ്ങിയ സ്ഥലത്തെത്തിയത്. എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവർത്തനം രാത്രിയും തുടരാൻ ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ചാണ് ദൗത്യം തുടരുന്നത്. കപ്പലിനു ചുറ്റും വ്യാപിച്ച എണ്ണപ്പാട പരമാവധി മാറ്റി കടൽ സുരക്ഷിതമാക്കാനാണ് ഇവരുടെ ശ്രമം. മുംബൈയിൽ നിന്ന് സമുദ്ര പ്രഹരി എന്ന മലിനീകരണ നിയന്ത്രണ കപ്പലും അപകടസ്ഥലത്തേയ്ക്ക് വരുന്നുണ്ട്.


സംഭവം നടന്ന ഉടൻ തന്നെ പ്രദേശത്തെത്തിയ ഐസിജിഎസ് സക്ഷം എണ്ണപ്പാട നീക്കാനുള്ള പ്രവർത്തനം തുടങ്ങിയിരുന്നു. ഓയിൽ സ്പിൽ ഡസ്പരന്റ് വിതറിയാണ് കപ്പലുകൾ എണ്ണപ്പാട നീക്കം ചെയ്യാൻ ശ്രമിക്കുന്നത്. കപ്പലുകളിൽ നിന്നുള്ള വലിയ കുഴലുകളിലൂടെയാണ് ഓയിൽ സ്പിൽ ഡസ്പരന്റ് വിതറുന്നത്. ഇത് വെള്ളത്തിൽ കലരുന്നതോടെ എണ്ണയുടെ ഒഴുക്ക് തടയാനാകും. കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 1.5 മുതൽ രണ്ടു നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ എണ്ണപ്പാട തെക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. വെള്ളത്തിന് മുകളിൽ ടാറിന് സമാനമായ കറുത്ത പാളിയായാണ് എണ്ണ പടരുന്നത്. ഈ എണ്ണ പൂർണമായി നീക്കിയില്ലെങ്കിൽ മലിനീകരണത്തിന്റെ ആഘാതം വർഷങ്ങളോളം നീണ്ടുനിൽക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


എണ്ണച്ചോർച്ചയുണ്ടായാൽ രണ്ടു തരത്തിലാണ് അതു കടൽവെള്ളത്തിൽ വ്യാപിക്കുന്നത്. നേർത്ത എണ്ണപ്പാടയായും വളരെ ആഴത്തിൽ വെള്ളത്തിൽ എണ്ണ കലരുന്ന രീതിയിലും. വളരെ നേരിയ പാളിയായി ആണ് എണ്ണ കടലിൽ വ്യാപിച്ചിട്ടുള്ളതെങ്കിൽ ഓയിൽ സ്പിൽ ഡസ്പരന്റ് വിതറി എണ്ണയെ ഇല്ലാതാക്കുകയാണു ചെയ്യുക. എണ്ണയെ ചെറിയ കണികകളാക്കി വെള്ളത്തിൽ ലയിപ്പിച്ചു കളയാൻ കഴിയുന്ന രാസപദാർഥമാണ് ഇത്. ചെറിയ കനത്തിൽ എണ്ണ പടർന്നിട്ടുണ്ടെങ്കിൽ ബൂം, സ്‌കിമ്മർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കണം.

Previous Post Next Post