റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും, യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട്: കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈൻ പൊട്ടിവീണതോടെ യാത്രക്കാർ ദുരിതത്തിൽ. കോഴിക്കോട് അരീക്കാട് ആണ് മരം വീണ് റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടിവീണത്. ഇതോടെ മലബാറിൽ ഇന്നും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.


കോഴിക്കോട് അരീക്കാട് മരം വീണ് റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടിവീണതോടെ കോഴിക്കോട്- ഷൊർണ്ണൂർ റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്‌നം പരിഹരിച്ച് ഉടൻ തന്നെ ട്രെയിൻ ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം റെയിൽവേ തുടങ്ങി. താത്ക്കാലികമായി രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുന്നുണ്ട്. പ്രശ്‌നം പൂർണമായി പരിഹരിക്കുന്നത് വരെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഷൊർണ്ണൂർ- കോഴിക്കോട് റൂട്ടിൽ ട്രെയിനുകൾ വൈകുന്നത്, ഓഫീസിലും മറ്റും കൃത്യസമയത്തിന് എത്തേണ്ടവരെ ബുദ്ധിമുട്ടിലാക്കും.


ഇന്നലെയും ശക്തമായ മഴയിൽ കോഴിക്കോട്ടും ആലുവയിലും റെയിൽവ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പല ട്രെയിനുകളും വൈകിയാണ് ഓടിയത്. ഇന്നലെ കോഴിക്കോട് നല്ലളത്താണ് റെയിൽവേ ട്രാക്കിലേക്ക് മൂന്ന് മരങ്ങൾ കടപുഴകി വീണ് ട്രെയിൻ ഗതാഗതം താളം തെറ്റിയത്. ജാംനഗർ എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുൻപാണ് അപകടം ഉണ്ടായത്. മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ നഷ്ടമായി. പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ചില വീടുകളുടെ മേൽക്കൂരയിലുള്ള ഷീറ്റുകൾ തകർന്ന് റെയിൽവേ ട്രാക്കിൽ വീണു. റെയിൽവേയുടെ സ്ഥലത്തുള്ള മരങ്ങൾ തന്നെയാണ് കടപുഴകി വീണത്. ട്രാക്കിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി പ്രശ്നം പരിഹരിച്ചെങ്കിലും സമയക്രമം തെറ്റിയതിനാലാണ് ട്രെയിനുകൾ വൈകിയോടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയും കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരം വീണത്.


ആലുവയിൽ അമ്പാട്ടുകാവിലാണ് റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ അങ്കമാലിയിലും തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനുകളും എറണാകുളത്തും ഇന്നലെ പിടിച്ചിട്ടു. ശക്തമായ കാറ്റിൽ ആൽ കടപുഴകി വീഴുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു

Previous Post Next Post