യുവ അഭിഭാഷകയോട് സീനിയർ അഭിഭാഷകൻ കാട്ടിയ കൊടുംക്രൂരതയുടെ ചിത്രം ദൃശ്യമാദ്ധ്യമങ്ങളില്‍ കണ്ട് നടുങ്ങി നില്‍ക്കുകയാണ് കേരളം.
അകാരണമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചതിനായിരുന്നു മൃഗീയത. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്‌റ്റിക്കുകൊണ്ടുമുള്ള അടിയേറ്റ് അഭിഭാഷകയുടെ മുഖം കലങ്ങി. മുഖമാകെ ചതഞ്ഞ് നീരുവന്ന് വീങ്ങി. വലതുകണ്ണിനും താടിയെല്ലിനും സാരമായി പരിക്കേറ്റു. കണ്ണിനുതാഴെ നേരിയ പൊട്ടലുണ്ടായി. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തൻ വീട്ടില്‍ ജെ.വി.ശ്യാമിലിയാണ് (26) മർദ്ദനത്തിനിരയായത്. 6 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി. സഹപ്രവർത്തകർ നോക്കിനില്‍ക്കെയാണ് ഇതൊക്കെ നടന്നത്.
സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശി അഡ്വ. ബെയ് ലിൻ ദാസാണ് മർദ്ദിച്ചത്. പ്രതിഷേധം വ്യാപകമായതോടെ ഇയാള്‍ ഒളിവില്‍പോയി. ബാർ അസോസിയേഷൻ ഇയാളെ സസ്‌പെൻഡ് ചെയ്തു. വഞ്ചിയൂർ പൊലീസ് കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്യാമിലി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഇന്ന് മെഡിക്കല്‍ കോളേജിലെത്തും.
വഞ്ചിയൂർ ത്രിവേണി ആശുപത്രി റോഡിലെ മഹാറാണി ബില്‍ഡിംഗിലെ ബെയ് ലിൻ ദാസിന്റെ വക്കീല്‍ ഓഫീസില്‍ ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മുഖത്തടക്കം ക്രൂരമായി മർദ്ദിക്കുമ്ബോഴും ഓഫീസിലുണ്ടായിരുന്ന സഹ അഭിഭാഷകർ അനങ്ങിയില്ല. തടയാനും ശ്രമിച്ചില്ല. അഭിഭാഷക അറിയിച്ചതിനെ തുടർന്ന് എത്തിയ എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരനായ ഭർത്താവ് ഷൈനും ബന്ധുക്കളും ജില്ലാ ഗവ. പ്ളീഡർ അഡ്വ. ഗീനാകുമാരിയും ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചതും പൊലീസില്‍ വിവരമറിയിച്ചതും. ബെയ് ലിൻ ഇതിനുമുൻപും മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്യാമിലി പറഞ്ഞു.
അടിച്ചത് മോപ്പ് സ്റ്റിക്ക് കൊണ്ട്
ശ്യാമിലി പ്രസവം കഴിഞ്ഞ് മൂന്നുമാസം മുൻപാണ് തിരികെ ജോലിക്കെത്തിയത്. മൂന്നര വർഷമായി ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്ലിൻ അറിയിച്ചു. എന്നാല്‍, ശനിയാഴ്ച വിളിച്ച് ക്ഷമ ചോദിച്ചു. തിരികെ വരാൻ നിർബന്ധിച്ചു. തിങ്കളാഴ്ച ഓഫീസില്‍ എത്തിയെങ്കിലും ഇയാളോട് സംസാരിക്കാനായില്ല. ഇന്നലെ, തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതോടെ മുഖത്ത് തുരുതുരാ മർദ്ദിക്കുകയായിരുന്നു.
പൊലീസിനെ തടഞ്ഞ്
അഭിഭാഷകർ
സംഭവമറിഞ്ഞ് ബെയ് ലിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് സംഘത്തെ ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് മുരളീധരന്റെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകർ തടഞ്ഞതായി ആരോപണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനുശേഷമേ കസ്റ്റഡിയില്‍ എടുക്കാൻ പാടുള്ളൂ എന്നായിരുന്നു നിലപാട്. ഇതോടെ പൊലീസുകാർ മടങ്ങി. അതിനിടെയാണ് ബെയ് ലിൻ ദാസ് മുങ്ങിയത്. പൊലീസിനെ തടഞ്ഞ അഭിഭാഷകർ പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്ന് ശ്യാമിലിയുടെ ബന്ധുക്കള്‍ ആരോപിച്ചു.