മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് എംടി രമേശ് കൂടിക്കാഴ്ച നടത്തി. മഞ്ചേരിയിൽ എത്തിയാണ് രമേശ് ബീന ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി നേതാവുമായി ചർച്ച നടത്തിയ കാര്യം പിന്നീട് ബീന ജോസഫ് മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചിരുന്നു.
ഒരു കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രീയം ചർച്ചയായതെന്ന് ബീന ജോസഫ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ യാദൃച്ഛികമായാണ് എംടി രമേശ് സ്ഥാനാർഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാർട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തിൽ മറുപടി പറയാൻ സാധിക്കില്ലെന്ന് പറഞ്ഞു. എംടി രമേശുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പറയാൻ കഴിയില്ല. സ്ഥാനാർത്ഥി വിഷയത്തിൽ ബിജെപിയുമായി ചർച്ചയ്ക്ക് പോകില്ലെന്നും ബീന ജോസഫ് വ്യക്തമാക്കി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകാനില്ല. കോൺഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. നിലമ്പൂരിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനും വേണ്ടി പ്രചാരണത്തിന് ഇറങ്ങും. പാർട്ടിയുടെ വിജയത്തിനായി പോരാടിയ വ്യക്തിയാണ് താൻ. അക്കാര്യം പാർട്ടിക്ക് മനസിലായോ എന്നറിയില്ല. എന്തായാലും നിലമ്പൂരിലെ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അൻവറാണെന്ന് പറയുന്നതിൽ ശരികേടുണ്ട്. എന്നാൽ ഒമ്പത് വർഷമായി എംഎൽഎയായിരുന്ന അൻവറിന് മണ്ഡലത്തിൽ സ്വാധീനമില്ലെന്ന് പറയാനാവില്ലെന്നും ബീന ജോസഫ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് സമയത്തും അല്ലാത്തപ്പോഴും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ട്. എല്ലാ ഘടകങ്ങളും നോക്കി ഒരു സ്ഥാനാർത്ഥിയെ മാത്രമേ മത്സരിപ്പിക്കാൻ സാധിക്കൂ. മലയോര മേഖലയിലെ കർഷകർ അടക്കമുള്ളവർ വലിയ കഷ്ടപ്പാടാണ് അനുഭവിക്കുന്നത്. മലയോര മേഖലയിലെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്നവരാണ് മുന്നോട്ടു വരേണ്ടതെന്നും ബീന ജോസഫ് കൂട്ടിച്ചേർത്തു. പി വി അൻവർ രാജിവെച്ചതിന് പിന്നാലെ, കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മലയോര മേഖലയിൽ നിന്നുള്ള മണിമൂളി സ്വദേശി അഡ്വ. ബീന ജോസഫ് ശ്രമം നടത്തിയിരുന്നു.
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17,000തോളം വോട്ട് പിടിച്ച ബിജെപി സ്ഥാനാർത്ഥിയെ നിർത്താത്തത് പാർട്ടിക്കുള്ളിലും പുറത്തും വിമർശനത്തിന് ഇടയാക്കി. ഇതിനിടെ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകാനും നീക്കം നടത്തി. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിച്ചിട്ടില്ല. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിൽ രണ്ടഭിപ്രായമാണ് ഉയർന്നത്. ഇതേത്തുടർന്ന് തീരുമാനമെടുക്കാൻ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബിഡിജെഎസും പിൻവലിഞ്ഞതോടെയാണ് മത്സരിക്കാൻ സ്വതന്ത്രരെ തേടി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.