തുടര്‍ന്ന് പുരയിടത്തില്‍ നടത്തിയ തിരച്ചിലില്‍ കേഡലിനെ കണ്ടു. അപ്പോള്‍ ചോദിച്ചപ്പോള്‍ പട്ടിയുടെ പിറകെ ഓടി ഇവിടെ എത്തിയതാണെന്ന് പറഞ്ഞു. കയ്യില്‍ പൊള്ളലേറ്റതു കണ്ട് ജോസ് എന്തു പറ്റിയതാണെന്ന് ചോദിച്ചപ്പോള്‍, വീട്ടിലുണ്ടായിരുന്ന കടലാസും മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ പൊള്ളലേറ്റതാണെന്ന് മറുപടി നല്‍കി വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
കേഡല്‍ ജിന്‍സണ്‍ രാജയുടെ അമ്മയുടെ സഹോദരന്‍ ജോസ് തൊട്ടടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ജോസ് തന്റെ നാലുസെന്റ് ഭൂമിയും വീടും സഹോദരി ജീന്‍ പത്മത്തിന് എഴുതി നല്‍കിയിരുന്നു. മാസം 50,000 രൂപ നല്‍കാമെന്ന വ്യവസ്ഥ പ്രകാരമാണ് ജോസ് സഹോദരിക്ക് ഭൂമി എഴുതി നല്‍കുന്നത്. പക്ഷെ ഒരു മാസം മാത്രമാണ് ഇത്തരത്തില്‍ ജോസിന് പണം ലഭിച്ചത്. പിറ്റേ മാസം സഹോദരി ജീന്‍ പത്മം കൊല്ലപ്പെട്ടു.
ആരോരും ഇല്ലാതായ വീല്‍ചെയറില്‍ കഴിയുന്ന അവിവാഹിതനായ ജോസ് ഇപ്പോള്‍ സുഹൃത്തുകളുടെ സഹായത്തോടെയാണ് കഴിയുന്നത്. ജയിലില്‍ പോയി കേഡലിനെ നേരിട്ടു കണ്ട ജോസ് ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂമി വിറ്റ് കിട്ടുന്ന പണം കൊണ്ട് ചികിത്സ നടത്താനായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കേഡല്‍ തയ്യാറായിരുന്നില്ല. കേസിൽ കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തത്തിന് പുറമേ, വിധിച്ച 15 ലക്ഷം രൂപ പിഴ അമ്മാവൻ ജോസ് സുന്ദരത്തിന് നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
കൂട്ടക്കൊലപാതകം നടക്കുമ്പോള്‍ 24 വയസ്സ് മാത്രമായിരുന്നു പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ പ്രായം. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്. ഓണ്‍ലൈനിലൂടെ മഴു ഓര്‍ഡര്‍ ചെയ്ത് വരുത്തി. തലയ്ക്ക് പിന്നില്‍ വെട്ടിക്കൊലപ്പെടുത്തുന്നത് യൂട്യൂബിലൂടെ നോക്കി പഠിച്ചു. മനുഷ്യന്റെ ഡമ്മിയില്‍ വെട്ടിപരിശീലിക്കുകയും ചെയ്തു. കൊലപാതകങ്ങള്‍ക്ക് ശേഷം നാടു വിടും മുമ്പ് തന്റെ ശരീരത്തിന് സമാനമായ ഡമ്മി കൂടി തീവെച്ച് താന്‍ കൂടി മരിച്ചതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും കേഡല്‍ ജിന്‍സണ്‍ രാജ ചെയ്തിരുന്നു.
കേഡല്‍ ജിന്‍സണ്‍ രാജയുടെ പിതാവ് രാജ തങ്കം പ്രൊഫസറും അമ്മ ജീന്‍ പത്മം ഡോക്ടറുമാണ്. പിതാവ് കേഡലിനെ വിദേശത്ത് പഠിക്കാന്‍ അയച്ചിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ കേഡല്‍ നാട്ടില്‍ തിരിച്ചെത്തി. ഇതേത്തുടര്‍ന്ന് പിതാവ് കേഡലിനെ കഠിനമായി ശാസിച്ചിരുന്നു. ഇക്കാര്യം അമ്മയോട് പരാതിപ്പെട്ടെങ്കിലും അവര്‍ ഗൗനിച്ചില്ല. ഇതോടെയാണ് അവരോട് വൈരാഗ്യം ഉണ്ടാകുകയും വീട്ടുകാരെ കൂട്ടത്തോടെ കൊലപ്പെടുത്തുകയും ചെയ്തത്. വീട്ടില്‍ നിന്നും 60,000 രൂപയും പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും കയ്യിലെടുത്താണ് പ്രതി നാഗര്‍കോവിലിലേക്കുള്ള ബസ് കയറി അവിടെ നിന്നും ചെന്നൈയിലേക്ക് കടക്കുകയായിരുന്നു.