ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
പന്ത്രണ്ടാം ക്ലാസിന് സമാനമായി പത്താം ക്ലാസിലും പെണ്‍കുട്ടികള്‍ തന്നെയാണ് തിളങ്ങിയത്. വിജയശതമാനത്തില്‍ ആൺകുട്ടികളെ അപേക്ഷിച്ച് 2.37 ശതമാനത്തിന്റെ വര്‍ധനയാണ് പെണ്‍കുട്ടികള്‍ രേഖപ്പെടുത്തിയത്. 95 ശതമാനം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം കണ്ടതായും സിബിഎസ്ഇ അറിയിച്ചു.
മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 99.79 ശതമാനമാണ് വിജയം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയവാഡയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.