ജുന്‍ജുനു ജില്ലയിലെ നവാല്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച, മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ഇതിനകം 'സിന്ദൂര്‍' എന്ന് പേരിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്കുള്ള ആദരവു കുടിയാകുന്നു മാതാപിതാക്കളുടെ ഈ 'പേരിടല്‍' സമര്‍പ്പണം. മകന് സിന്ദൂര്‍ എന്ന് പേര് നല്‍കിയതിലൂടെ അത് അവനെ എന്നും രാജ്യം സ്‌നേഹം നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുമെന്ന് പേരിട്ട കുഞ്ഞിന്റെ മാതാവ് സിന്ധു പറഞ്ഞു. ' ഭീകരാക്രമണത്തില്‍ നമുക്ക് നിരവധി ധീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. രാജ്യത്തെ സേവിക്കാന്‍ ഞാന്‍ എന്റെ ചെറുമകനെ സൈന്യത്തിലേക്ക് അയയ്ക്കും'- എന്നായിരുന്നു കുട്ടിയുടെ മുത്തശ്ശിയുടെ പ്രതികരണം.
ഝഝര്‍ ഗ്രാമത്തിലെ താമസക്കാരിയായ സഞ്ജുവും തന്റെ മകന് 'സിന്ദൂര്‍' എന്നും പേരിട്ടു. 'നാല് ദിവസം മുമ്പാണ് ഞാന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എന്റെ മകന്‍ വളര്‍ന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നതാണ് എന്റെ സ്വപ്നം. പഹല്‍ഗാം ആക്രമണത്തിലൂടെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിലെ സീന്ദൂരമാണ് അവര്‍ മായ്ചു കളഞ്ഞത്. ഇതിന് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സൈന്യം ഉചിതമായ മറുപടി നല്‍കി' അവര്‍ പറഞ്ഞു.
കസൈരു ഗ്രാമത്തില്‍ നിന്നുള്ള കാഞ്ചന്‍ എന്ന യുവതിയും മകള്‍ക്ക് 'സിന്ദൂര്‍' എന്ന് പേരിട്ടു. 'ഓപ്പറേഷന്‍ സിന്ദൂരിനുള്ള എന്റെ ആദരാഞ്ജലിയാണിത്. പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ നടപടിയോട് സൈന്യം ധീരമായി മറുപടി നല്‍കി'' അവര്‍ പറഞ്ഞു. 'മൂന്ന് നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി സിന്ദൂര്‍ എന്ന് പേരിട്ടു. ഇത് ജനങ്ങളിലെ ആഴത്തിലുള്ള ദേശസ്‌നേഹം പ്രതിഫലിപ്പിക്കുന്നു. അവരുടെയുള്ളില്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ വേദന ഇപ്പോഴും നിലനില്‍ക്കുന്നു.' ആശുപത്രിയിലെ ഡോക്ടറായ ഡോ. ജിതേന്ദ്ര ചൗധരി പറഞ്ഞു.