ഇന്ത്യ പാക് സംഘര്‍ഷം രാജ്യത്ത് യുദ്ധ ഭീതി ഉയര്‍ത്തിക്കഴിഞ്ഞു. അടിയന്തര സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങളെയും സംവിധാനങ്ങളെയും സജ്ജമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിലാണ് ഇതിന് മുന്‍പ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രത്തോളം ഇടപെട്ട് ജനങ്ങളെ ആക്രമണങ്ങളെ നേരിടാന്‍ സജ്ജമാക്കിയത്. അന്ന് സ്‌കൂള്‍ കുട്ടികളെ വരെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ബോധവത്കരണം നടത്തിയിരുന്നു.
യുദ്ധം സര്‍വ നാശങ്ങളുടേതാണ്. അതില്‍ നിന്നും ജനങ്ങളെയും നാടിനെയും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരുകളുടെ പ്രധാന ഉത്തരവാദിത്തം. 1971 യുദ്ധത്തില്‍ ലോക മഹാ അത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിനെ പാക് ആക്രമണങ്ങളില്‍ നിന്ന് സംക്ഷിക്കാന്‍ ഇന്ത്യ 'ഒളിപ്പിച്ചു വച്ചു' അക്കാലത്തെ പ്രധാനമായ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു അത്.
1971 ഡിസംബര്‍ 3-ന്, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയായിരുന്നു പാകിസ്ഥാന്‍ യുദ്ധത്തിന് തുടക്കമിട്ടത്. ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ ആക്രമണത്തില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളെ ആയിരുന്നു ലക്ഷ്യമിട്ടത്.
അപ്രതീക്ഷിത ആക്രമണം താജ് മഹലിന്റെ സുരക്ഷയെ കുറിച്ച് അധികൃതരില്‍ ആശങ്ക ഉയര്‍ത്തി. കാരണം താജ്മഹലിനോട് ചേര്‍ ആഗ്രയിലെ ഖേരിയ എയര്‍ ബേസ് രണ്ട് പാകിസ്ഥാന്‍ ജെറ്റുകള്‍ ആക്രമിച്ചു. റണ്‍വേയ്ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ സംഭവം അപകടസൂചനകള്‍ ഉയര്‍ത്തി. താജ് മഹലിന്റെ സുരക്ഷ അവഗണിച്ച് ഒരു നടപടിക്ക് മുതിരാന്‍ അന്ന് അധികൃതര്‍ തയ്യാറല്ലായിരുന്നു. ഇതോടെ താജ്മഹലിനെ ഒളിപ്പിച്ചു വയ്ക്കാന്‍ അധികൃര്‍ തീരുമാനിച്ചു.
വെളുത്ത മാര്‍ബില്‍ കൊണ്ടുള്ള കൂറ്റന്‍ നിര്‍മിതിയായ താജ് മഹല്‍ ആകാശ കാഴ്ചയില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് തന്നെ വ്യക്തമാകും. അതായിരുന്നു പ്രധാന വെല്ലുവിളി. താജ് മഹലിനെ കാഴ്ചയില്‍ നിന്നും മറച്ചുവയ്ക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ(എഎസ്ഐ) ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പച്ച ചായം പൂശിയ കൂറ്റന്‍ ചണ ടാര്‍പ്പകളുപയോഗിച്ചായിരുന്നു താജ്മഹല്‍ മറച്ചു വച്ചത്. പ്രദേശത്തെ പരിസ്ഥിതിയോട് ചേര്‍ന്നു നില്‍ക്കാനായിരുന്നു ചണ ടാര്‍പ്പകള്‍ക്ക് പച്ച നിറം നല്‍കിയത്. കെട്ടിടത്തിന് ചുറ്റുമുള്ള ലൈറ്റുകള്‍ രാത്രി ഓഫ് ചെയ്യുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
598 ആണികളും 63 തയ്യല്‍ സൂചികളും ഉപയോഗിച്ചായിരുന്നു താജ് മഹലിനെ മൂടിയ ടാര്‍പ്പ ഉറപ്പിച്ചത്. മാര്‍ബിള്‍ തറയില്‍ മണല്‍ വിരിച്ച് പ്രതിഫലനം കുറച്ചു. 8,482 കിലോഗ്രാം ഭാരമുള്ള ടാര്‍പോളിന്‍ ഇതിനായി ഉപയോഗിച്ചു. താജ് മഹലിനെ പൂര്‍ണമായി രണ്ട് ദിവസത്തോളം വേണ്ടിവന്നു. മൂന്നാഴ്ചയോളം ഇത്തരത്തില്‍ അടുത്ത ഏതാനും ആഴ്ചകള്‍ ഇങ്ങനെ താജ്മഹല്‍ മൂടിവെച്ചു. സന്ദര്‍ശകരെ ഉള്‍പ്പെടെ നിയന്ത്രിച്ച് കൊണ്ടായിരുന്നു നടപടി. ചെങ്കോട്ട, കുത്തബ്മിനാര്‍, ജയ്സാല്‍മര്‍ കോട്ട തുടങ്ങിയ പൈതൃക സ്ഥലങ്ങളും സമാനമായ രീതിയില്‍ സംരക്ഷിച്ചിരുന്നു.
എന്നാല്‍, രണ്ടം ലോക യുദ്ധകാലത്ത് അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടണും താജ് മഹലിനെ സംരക്ഷിക്കാന്‍ സമാന നടപടി സ്വീകരിച്ചിരുന്നു. ജര്‍മ്മന്‍, ജാപ്പനീസ് ബോംബര്‍ വിമാനങ്ങള്‍ താജ്മഹലിനെ ലക്ഷ്യം വയ്ക്കുന്നത് തടയാന്‍ താഴികക്കുടത്തിന് ചുറ്റും മുള കൊണ്ടുള്ള സംരക്ഷണം തീര്‍ത്തിരുന്നു. വിമാനങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനായിരുന്നു ഈ നടപടി.