പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്കി ഇന്ത്യ. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ കരസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ പഹല്‍ഗാമിനുള്ള ഇന്ത്യയുടെ മറുപടിയാണ്. എന്നാല്‍ ആക്രമണങ്ങളില്‍ മരണ സംഖ്യ എത്രയെന്ന് സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും നൂറുകണക്കിന് ഭീകരരെ ഇന്ത്യ വധിച്ചിട്ടുണ്ട് എന്നാണ് അനുമാനം. കൃത്യമായ ലക്ഷ്യത്തോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യം വെച്ചത്.
പാക് സൈനിക താവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ മുന്നറിയിപ്പാണ് ഇന്ത്യ പാകിസ്താന് നല്‍കുന്നത്. എന്തിനും തയ്യാറാണ് എന്ന സൂചനയാണ് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഇന്ത്യ പാകിസ്താന് സന്ദേശം നല്‍കിയത്.