ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യത്തിന്റെ കരുത്ത് രാജ്യം കണ്ടെന്നും മോദി പറഞ്ഞു. ധീരസൈനികര്‍ ഇന്ത്യയെ അഭിമാനപൂരിതമാക്കിയെന്നും സായുധ സേനയ്ക്കും ബിഎസ്എഫിനും സല്യൂട്ട് എന്നും മോദി പറഞ്ഞു. പാക് സേനയും ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞെന്നും നമ്മുടെ സഹോദരിമാരുടേയും പെൺമക്കളുടേയും സിന്ദൂരം മായ്ച്ചപ്പോൾ സൈനികര്‍ തീവ്രവാദികളുടെ വീടുകളിൽ കേറി അവരെ ചതച്ചരച്ചുവെന്നും മോദി പറഞ്ഞു.
പാക് യുഎവി, ഡ്രോണ്‍, യുദ്ധവിമാനം, മിസൈല്‍ ഇവയെല്ലാം ഇന്ത്യ തകര്‍ത്തതായും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ 'ന്യൂ നോര്‍മല്‍' ആണെന്നും മോദി പറഞ്ഞു. ഇനിയുണ്ടാകുന്ന ഓരോ ആക്രമണത്തോടും ശക്തമായി തിരിച്ചടിക്കും. ഇന്ത്യ പാകിസ്ഥാന് പുതിയ ലക്ഷ്മണരേഖ വരച്ചു. ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ സര്‍വനാശമാണെന്ന് പാകിസ്ഥാന്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യൻ ഡ്രോണുകളേക്കുറിച്ചും മിസൈലുകളെക്കുറിച്ചും ചിന്തിച്ച് പാകിസ്ഥാന് ദിവസങ്ങളോളം ഉറങ്ങാനാകില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. രാജ്യത്തെ ഒന്നിച്ചു നിർത്തി. ഇന്ത്യൻ അതിർത്തി സംരക്ഷിച്ചു. ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തി. സങ്കൽപ്പിക്കാനാകാത്ത കാര്യമാണ് സൈന്യം ചെയ്തതെന്നും മോദി പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം പുനര്‍നിര്‍വചിച്ചെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തിന് ഇന്ത്യ ഉചിത മറുപടി നല്‍കും. ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും ആക്രമിക്കും. ഇന്ത്യ ഒരുതരത്തിലുള്ള ആണവായുധ ഭീഷണിക്കും വഴങ്ങില്ല. ഭീകരരും അവരുടെ സ്‌പോണ്‍സര്‍മാരും തമ്മില്‍ വ്യത്യാസമില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്ഥാന്‍ ആദംപുര്‍ വ്യോമതാവളം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആക്രമണം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു.
ഇത് പുതിയ ഇന്ത്യയാണ്. വേണ്ടിവന്നാൽ മനുഷ്യജീവനുകൾ സംരക്ഷിക്കാൻ യുദ്ധത്തിലേക്ക് നീങ്ങാൻ മടിക്കില്ല. ഇനി മറുപടി നൽകിയാൽ അത് പാകിസ്ഥാന്‍റെ സർവനാശമായിരിക്കും. ശത്രുക്കൾ മണ്ണോടടിയുമെന്നും മോദി പറഞ്ഞു. പാകിസ്ഥാന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചു. നമ്മുടെ കര-വ്യോമ-നാവിക സേനകൾ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു. ചെകുത്താൻ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്, മോദി പറഞ്ഞു.