തിരുവനന്തപുരം: ഇത്തവണ നാലാം ക്ലാസിലെ കേരള പാഠാവലി കുട്ടികൾക്ക് മുമ്പിലെത്തുന്നത് ചരിത്രം രചിച്ചുകൊണ്ടാണ്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാൻ വ്യത്യസ്ത ശൈലികളും വർണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു.
ചിത്രീകരണങ്ങൾ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂർണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതൽ ആസ്വാദ്യകരവും ലളിതവുമാക്കാൻ സഹായിക്കുമെന്ന് കരുതുന്നു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും, പാഠപുസ്തക നിർമ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയിൽ ഇതൊരു നാഴികക്കല്ലാണ്, വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.