'ലില്ലി, ലില്ലി, ലില്ലി...', വീട്ടു മുറ്റത്തെ പൂക്കളെക്കുറിച്ചു ചോദിച്ചപ്പോള്‍ കേഡല്‍ പറഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ കേഡല്‍ ജിന്‍സന്‍ രാജയോട് എഡിജിപി ബി സന്ധ്യ വീട്ടുമുറ്റത്തെ മൂന്ന് പൂക്കളുടെ പേര് ചോദിച്ചപ്പോള്‍ നല്‍കിയത് വിചിത്രമായ മറുപടി. 'ലില്ലി, ലില്ലി, ലില്ലി...'എന്നായിരുന്നു ജിന്‍സണ്‍ മറുപടി നല്‍കിയത്.

വീടുമായി എത്രമാത്രം ബന്ധമുണ്ടെന്ന് അറിയാനായിരുന്നു ചോദ്യം. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ തെച്ചി, ചെമ്പരത്തി, റോസ അടക്കം നിരവധി ചെടികളുണ്ടായിരുന്നു.

അറസ്റ്റിനുശേഷം വിശദ ചോദ്യം ചെയ്യലിന് വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് വീട്ടുമുറ്റത്തെ അഞ്ച് പൂക്കളുടെ പേര് ചോദിച്ചത്. ഉത്തരം കിട്ടാതായതോടെ മൂന്ന് പൂക്കളുടെയെങ്കിലും പേര് പറയാന്‍ ആവശ്യപ്പെട്ടത്. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷമാണ് മൂന്നുതവണ ലില്ലി ആവര്‍ത്തിച്ചത്.

കഴിക്കുന്ന ആഹാരത്തെക്കുറിച്ച് ചോദിച്ചപ്പോഴും അല്‍പ്പ നേരം ആലോചിച്ചു. അതിന് ശേഷമാണ് മറുപടി നല്‍കിയത്.

'ചിക്കന്‍ ബര്‍ഗര്‍'. അച്ഛനും അമ്മയുമൊക്കെ കഞ്ഞിയും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താണ് കേഡല്‍ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചിരുന്നത്. വീട്ടുകാരുമായി ഒരുമിച്ചിരുന്ന് ഇയാള്‍ ആഹാരം കഴിക്കാറുണ്ടായിരുന്നില്ല. വീട്ടുകാരുമായി സംസാരിച്ചിരുന്നത് ഫോണ്‍ മെസേജിലൂടെയായിരുന്നു.

Previous Post Next Post