'ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്ക്..'

പാലക്കാട്: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിങ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്. ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ ( M Swaraj ) മത്സരിപ്പിക്ക്. രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.

മത്സരിക്കാന്‍ പറ്റിയ അതിസമ്പന്നര്‍ ആര് എന്ന് തിരഞ്ഞു സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്ന ആ പാര്‍ട്ടി സ്വന്തം പ്രവര്‍ത്തകരെ തന്നെ വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.


'സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്' എന്ന് ആണയിട്ട് പറയുന്നതിന് പകരം ആ മണ്ണില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ? എന്ന് രാഹുല്‍ വെല്ലുവിളിച്ചു. സിറ്റിംഗ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമായിരുന്നല്ലോ.


പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന സ്വരാജിന്റെ ആറ്റിറ്റിയൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാര്‍ട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി. സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും. ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്ക്. രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.

കഴിഞ്ഞ ദിവസം പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു..... (ചിഹ്നം പ്രശ്‌നമല്ല) എന്ന പരിഹാസ പോസ്റ്റും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒഎല്‍എക്‌സിന്റെ ചിത്രം സഹിതമായിരുന്നു മാങ്കൂട്ടത്തിന്റെ പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിലമ്പൂരിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണല്ലോ. മത്സരിക്കാൻ പറ്റിയ അതിസമ്പന്നർ ആര് എന്ന് തിരഞ്ഞു സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്ന ആ പാർട്ടി സ്വന്തം പ്രവർത്തകരെ തന്നെ വെല്ലുവിളിക്കുക അല്ലേ?

"സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്" എന്ന് ആണയിട്ട് പറയുന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ?

പിണറായി 3.0 ലോഡിംഗ് എന്ന് തള്ളിമറിക്കുന്നവർക്ക് സിറ്റിംഗ് സീറ്റിൽ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.

അതല്ല സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ.

പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി.

കഴിഞ്ഞ രണ്ട് തവണയായി 9 വർഷക്കാലം സിപിഎം ന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും…

ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ M സ്വരാജിനെ മത്സരിപ്പിക്ക്…..

Previous Post Next Post