മലയാളികളുടെ തീരാത്ത ആഘോഷത്തിൻ്റെ പേരാണ് മോഹൻലാൽ. വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ ആയും പിന്നീട് സാഗറായും ജയകൃഷ്ണനായും സേതുമാധവനായും ആട് തോമയായും നീലകണ്ഠനായും കാർത്തികേയനായും ജോർജ്കുട്ടിയായും സ്റ്റീഫനായും ബെൻസായും അങ്ങനെ അങ്ങനെ സിനിമാ ലോകത്ത് തുടരുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽ വിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി.
ഭരതം, കമലദളം, ദേവാസുരം, വാനപ്രസ്ഥം തുടങ്ങി നടന വൈഭവത്തിന്റെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ദേശീയ പുരസ്‌കാരങ്ങൾ, സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ.
സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാൽ തന്റെ യാത്ര തുടരുകയാണ്. ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂർവമായ നേട്ടവുമായാണ് ഇത്തവണ ലാലേട്ടൻ ജന്മദിനം ആഘോഷിക്കുന്നത്. സമ്മിശ്ര പ്രതികരണവുമായി എത്തിയ എംപുരാൻ ബോക്സോഫീസിൽ വിസ്മയമായപ്പോൾ, മികച്ച പ്രതികരണവുമായി വന്ന തരുൺ മൂർത്തി ചിത്രം തിയറ്ററുകളെ പൂരപ്പറമ്പാക്കി.
തുടരും ഉണ്ടാക്കിയ അലയൊലി തിയറ്ററുകളിൽ ഇനിയും അടങ്ങിയിട്ടില്ല. തുടരുമിന് ശേഷം മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം ആണ്. വർഷങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുകയാണ് പ്രിയപ്പെട്ടവരും ആരാധകരും. മോഹൻലാലിന് പിറന്നാളാശംസകൾ നേർന്ന് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. 'ലാലേട്ടൻ തുടരും' എന്നാണ് സംവിധായകൻ തരുൺ മൂർത്തി കുറിച്ചിരിക്കുന്നത്. 'ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ' എന്നാണ് മമ്മൂട്ടി ആശംസകൾ നേർന്നിരിക്കുന്നത്.