ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിനിടെ തകർന്നതിൽ ഉത്തരവാദിത്തം കരാറുകാരനെന്ന് പാർലമെൻറിൻറെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ. നിർമ്മാണവുമായി ബന്ധപ്പെട്ട് പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് ശേഷം സമിതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ പിഎസി വിശദമായി ചർച്ച ചെയ്തു. നിർമ്മാണത്തിൽ അപാതകയുണ്ടെന്ന് കാണിച്ച് ഏഴു ജില്ലകളിൽ നിന്നും റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. സങ്കൽപ്പിക്കുന്നതിനും അപ്പുറത്താണ് പ്രശ്‌നങ്ങൾ. ഡിസൈൻ പിഴവുണ്ടായി എന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി തന്നെ സമിതിക്ക് മുമ്പാകെ അംഗീകരിച്ചുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
മഴ വന്നാൽ വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുന്ന പ്രദേശമാണ് കൂരിയാട്. അവിടെയാണ് ശക്തമായ ഒരു ബേസ്‌മെന്റുമില്ലാതെ റോഡ് നിർമ്മിച്ചിരിക്കുന്നത്. അതാണ് തകർന്ന് തരിപ്പണമായത്. എലിവേറ്റഡ് ഹൈവേയാണ് അവിടെ പ്രായോഗികമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അത് അവഗണിച്ചാണ് റോഡ് പണിതത്. ഡിസൈനിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിസൈൻ പിഴവുണ്ടായതിന്റെ ഉത്തരവാദിത്തം കരാറുകാരനാണ്. അവർ എൻഎച്ച്എഐ അംഗീകരിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയേഴ്‌സുമായി ആലോചിച്ചാണ് ഡിസൈൻ ഉണ്ടാക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പാളിച്ചകൾ ഗുരുതരമാണെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ദേശീയപാത അതോറിട്ടി ചെയർമാനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ സമ്മതിച്ചിരിക്കുകയാണ്.
ദേശീയപാത നിർമ്മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഹൈ ലെവൽ ടെക്‌നിക്കൽ ടീം ഇല്ലായെന്നാണ് വ്യക്തമായത്. ഇത്രയും കോടിക്കണക്കിന് രൂപയുടെ നിർമ്മാണജോലികൾ പരിശോധിക്കാൻ ടെക്‌നിക്കൽ ടീം ഇല്ലായെന്നത് സങ്കടകരമായ കാര്യമാണ്. ഈ സാഹചര്യത്തിൽ ദേശീയപാത നിർമ്മാണത്തിൽ തകർച്ചയുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ പെർഫോമൻസ് ഓഡിറ്റ് നടത്തി, കരാർ, ഡിസൈൻ അടക്കമുള്ള കാര്യങ്ങളിൽ എന്തു സംഭവിച്ചു എന്ന് പരിശോധിക്കാൻ സിഎജിയോട് പിഎസി ആവശ്യപ്പെട്ടിരിക്കുകയാണ്.
നാഷണൽ അതോറിട്ടി ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി അടിയന്തരമായി കേരളം സന്ദർശിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലം മാത്രമല്ല, കായംകുളം പോലെ ഇതുപോലുള്ള ആശങ്കകൾ ഉയർന്നിട്ടുള്ള പ്രദേശങ്ങളും പരിശോധിക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് ഉറപ്പു വരുത്തി വേണം നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനെന്ന് എൻഎച്ച്എഐ ചെയർമാന് നിർദേശം നൽകിയിട്ടുണ്ട്. ഇതു കൂടാതെ, ഐഐടി പാലക്കാട്, സിആർആർഐ, ജിഎസ്‌ഐ എന്നിവിടങ്ങളിലെ മൂന്നംഗ ടെക്‌നിക്കൽ ടീമിനെ സംഭവസ്ഥലങ്ങളിൽ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇവരുടെയെല്ലാം പരിശോധനകൾക്ക് ശേഷം മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് പിഎസിക്ക് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധർ പരിശോധന നടത്തി അവരുടെ നിർദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞിരിക്കുന്നത്. ഇവിടെ പാച്ച്വർക്ക് നടത്തിയതുകൊണ്ട് തീരുന്നതല്ല വിഷയം. വിശദമായ സാങ്കേതിക പരിശോധന നടത്തി തിരുത്തൽ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഉപകരാറുകളിൽ വ്യാപകമായി അഴിമതിയുണ്ടെന്ന് ആക്ഷേപമുണ്ട്. സാംപിൾ സർവേ എന്ന നിലയിൽ കേരളത്തിലെ ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓഡിറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കെ സി വേണുഗോപാൽ പറഞ്ഞു.