ഏഴു വയസുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കർണാടക സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും പൊലീസ് പിടിയിലായി. കോഴിക്കോട് പുതിയകടവിലാണ് സംഭവം. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്.


കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടർന്ന് കുടെയുണ്ടായിരുന്ന കുട്ടികൾ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.


ഇന്ന് ഉച്ചയോടെയാണ് പുതിയകടവിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം ഉണ്ടായത്.നിരന്തരം വാഹനങ്ങളടക്കം പോകുന്ന റോഡരികിൽ വെച്ചാണ് സംഭവം. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികൾ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കിൽ കയറ്റാൻ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീയെയും പുരുഷനെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

Previous Post Next Post