കൊച്ചി: കുമ്പളം ടോള്‍ പ്ലാസയ്ക്ക് തൊട്ടുമുന്‍പ് യൂ- ടേണ്‍ എടുക്കുകയായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി 28 പേര്‍ക്ക് പരിക്ക്. ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.'നന്ദനം' എന്ന പേരിലുള്ള ടൂറിസ്റ്റ് ബസാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്. എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ കുമ്പളം-അരൂര്‍ ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ കുണ്ടന്നൂര്‍- തൃൂപ്പൂണിത്തുറ റൂട്ടിലൂടെ മുന്നോട്ടുപോകാന്‍ കണ്ടെയ്‌നര്‍ ലോറി യൂ- ടേണ്‍ എടുക്കുമ്പോഴാണ് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഇടിച്ചുകയറിയതെന്നും പൊലീസ് പറഞ്ഞു.
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 'ഡൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് ചില യാത്രക്കാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്,'- പൊലീസ് കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവറുടെ ക്യാബിന്‍ പൊളിച്ചാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഫയര്‍ഫോഴ്സ് പുറത്തെത്തിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യുടെ ഒരു ക്രെയിനും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. തിരുവനന്തപുരം സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്. മലപ്പുറത്ത് ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പലര്‍ക്കും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം ആറു പേരോട് സിടി സ്‌കാനിങ്ങിന് വിധേയരാകാന്‍ നിര്‍ദ്ദേശിച്ചതായി പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലേക്ഷോര്‍ ആശുപത്രിയുടെ വക്താവ് പറഞ്ഞു. സംഭവത്തില്‍ പനങ്ങാട് പൊലീസ് കേസെടുത്തു. അതേസമയം, അപകടത്തെത്തുടര്‍ന്ന് കുമ്പളം ടോള്‍ പ്ലാസയില്‍ ചെറിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.