'സൈറണ്‍ മുഴങ്ങി,എയര്‍ വാണിങ്': സംസ്ഥാനത്ത് 126 ഇടങ്ങളില്‍ സംഘടിപ്പിച്ച മോക്ഡ്രില്‍ സമാപിച്ചു

തിരുവനന്തപുരം: പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ നാളുകളില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രില്‍ അവസാനിച്ചു. അഗ്‌നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തില്‍ 126 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. എയര്‍ വാണിങ് ലഭിച്ചതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങി.

ഷോപ്പിങ് മാളുകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടന്നു. മോക് ഡ്രില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ലൈറ്റ് ഓഫ് ചെയ്യുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. നാലരവരെയായിരുന്നു മോക്ഡ്രില്‍.

1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് ഇന്ത്യയില്‍ നേരത്തേ ഇത്തരത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഏതു തരത്തില്‍ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്കു മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നത്. മോക്ഡ്രില്ലില്‍ കണ്‍ട്രോള്‍ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി. വൈദ്യുത ബന്ധം, ഫോണ്‍ സിഗ്‌നലുകള്‍ തകരാറിലായാല്‍ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മോക് ഡ്രില്ലിലൂടെ പരിശോധിക്കപ്പെട്ടു.

Previous Post Next Post