മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളും ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മൗലാന മസൂദ് അസറിന്റെ ബഹവല്‍പൂരിലെ വീടാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ജെയ്‌ഷെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ബഹവല്‍പൂരിലെ സബ്ഹാന്‍ അള്ള മസ്ജിദും ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ആക്രമണത്തില്‍ 55 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 35 മരണമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. മുസാഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലകോട്ട്, ചക്സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ ഭീകര കേന്ദ്രങ്ങളെയാണ് മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത്.
പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. കൊളാറ്ററൽ ഡാമേജ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്ന് സൈനിക ഓഫീസർമാരായ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വാർത്താസമ്മേളനത്തിൽ അറിയിച്ചു.