ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് രണ്ട് മണിക്കൂര്‍ യാത്ര; ദുബായ് - മുംബൈ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി

അബുദാബി: ദുബായിയില്‍നിന്നു മുംബൈയിലേക്ക് അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി. വെള്ളത്തിനടിയിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പദ്ധതിയുമായി യുഎഇ നാഷനല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് രംഗത്തെത്തിയത്.

മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകാം. രണ്ട് മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിയുമെന്നതാണ് അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഉണ്ടാകുന്ന നേട്ടം. നിലവില്‍ യുഎഇയില്‍നിന്നു വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് വേണ്ടത്.

യാത്രക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, റെയില്‍ കടന്നുപോകുന്ന ഇതരരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായിരിക്കും പദ്ധതി.

യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും സാധിക്കും. അണ്ടര്‍വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് സൂചന.

Previous Post Next Post