ക്ഷേത്രങ്ങളെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; വിപ്ലവ​ഗാന വിവാദത്തില്‍ അലോഷിക്കെതിരെ കേസ്

കൊച്ചി: രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ക്ഷേത്രങ്ങളെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി. രാഷ്ട്രീയാവശ്യങ്ങള്‍ക്ക് മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) നിയമം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രം ഉത്സവത്തില്‍ വിപ്ലവഗാനം പാടിയതിനെതിരായ ഹര്‍ജി പരി​ഗണിക്കുമ്പോഴാണ്, ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സംഗീതപരിപാടിക്കിടെ എല്‍ഇഡി വാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഡിവൈഎഫ്‌ഐയുടെയും ചിഹ്നം പ്രദര്‍ശിപ്പിച്ചതായി പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വികാസും സര്‍ക്കാരും മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം തേടിയിട്ടുണ്ട്. ഹര്‍ജി ഏപ്രില്‍ 10-ന് വീണ്ടും പരിഗണിക്കും

അതിനിടെ ഗാനമേള വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാംപ്രതിയും ക്ഷേത്രോപദേശകസമിതിയെ രണ്ടാംപ്രതിയുമാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ ആരാമം നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയില്‍ പുഷ്പനെ അറിയാമോ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ പാടിയതാണ് വിവാദമായത്.

Previous Post Next Post