കുടവയര്‍ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച വ്യായാമമായി കണക്കാക്കുന്നത് ക്രഞ്ചസ് ആണ്. അത് വയറിന്റെ പേശികള്‍ക്ക് നല്ലതാണെങ്കിലും കുടവയര്‍ കുറയ്ക്കുന്നതില്‍ അത്ര ഫലപ്രദമായിരിക്കില്ലെന്ന് അമേരിക്കന്‍ ഫിറ്റ്‌നസ് കോച്ച് ആയ റിജി മസീന പറയുന്നു. ജിമ്മിൽ ക്രഞ്ചസുകള്‍ ചെയ്തു കുടവയർ കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന മിക്ക ആളുകളും ചെയ്യുന്ന ഒരു സാധാരണ പിഴവാണിത്.
ക്രഞ്ചസ് എന്നത് ഒരു കോർ-സ്ട്രെങ്തനിങ് വ്യായാമമാണ്. ഇത് പ്രധാനമായും വയറിലെ പേശികളെ, പ്രത്യേകിച്ച് റെക്ടസ് അബ്ഡോമിനിസിനെ ലക്ഷ്യം വച്ചുള്ളതാണ്. ഇത് നമ്മുടെ പോസ്ചർ മെച്ചപ്പെടുത്തുന്നതോടൊപ്പം നടുവേദന അകറ്റാനും സഹായിക്കും. എന്നാല്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കില്ലെന്ന് റിജി മസീന.
കുടവയര്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
കലോറി കുറച്ചു കൊണ്ട് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക
വെയ്റ്റ് ട്രെയിനിങ്, കാർഡിയോ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ പിന്തുടരുന്നത് ആരോഗ്യകരമായി കൊഴുപ്പ് നീക്കാന്‍ സഹായിക്കും.
ക്ഷമ, കാരണം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സമയം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണ്ടി വരും.