കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി സിബിഐ പരാതി എഴുതി വാങ്ങി. തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍ സമര്‍പ്പിക്കും.
2015-ല്‍ ധനകാര്യ അഡീ.ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ളാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വര്‍ഷം തോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടില്ല. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.
കെ എം എബ്രഹാമിന് എതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്ചയ്ക്ക് മുന്‍പാണ് വന്നത്. കേസ് മുന്‍പ് അന്വേഷിച്ചിരുന്ന വിജിലന്‍സ് എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതു തള്ളിയാണ് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.