വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സിപിഎം

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരണം പരിഗണിച്ച് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.

അതേസമയം ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ മുന്നണിയിലെ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് നാല് സിപിഎം എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കി.

നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദേശിച്ച 14 മാറ്റങ്ങള്‍ ജെപിസി അംഗീകരിച്ചിരുന്നു. തിരക്കിട്ട് ബില്‍ പാസ്സാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കെസിബിസിയും സിബിസിഐയും വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.

Previous Post Next Post