ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ ബലാത്സംഗക്കേസ്; പ്രതി ലൈംഗികചൂഷണത്തിന് ഇരയാക്കിയതിന്‍റെ തെളിവുമായി പൊലീസ്.


തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ (24) മരണത്തില്‍ സഹപ്രവർത്തകനും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കേസ്.

സുകാന്ത് പീഡിപ്പിച്ചതിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.

മേഘയെ പ്രതി ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം യുവതി ഗർഭചിദ്രം നടത്തിയതിന്‍റെ ആശുപത്രി രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു.

മേഘയില്‍ നിന്ന് സുകാന്ത് 3.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന വിവരവും പൊലീസ് അനേഷിക്കുന്നുണ്ട്. മാതാപിതാക്കള്‍ ഹാജരാക്കിയ വിവിധ തെളിവുകളുടെ ആധികാരികത പരിശോധിക്കാൻ പലയിടത്തുമായി പൊലീസ് അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

ഫോണ്‍ രേഖകള്‍ക്ക് പുറമെ, മേഘയുടെ ബാഗില്‍ നിന്ന് ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഒളിവില്‍ പോയ സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

മാർ‌ച്ച്‌ 24ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘയെ തിരുവനന്തപുരം പേട്ടക്കും ചാക്കക്കും മധ്യേ റെയില്‍ പാളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഐ.ഡി കാർഡില്‍ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്.

കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ, ഫോണില്‍ സംസാരിച്ച്‌ നടന്നുവന്ന മേഘ പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച്‌ കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നല്‍കിയ വിവരം.

പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പല്‍ മധുസൂദനന്‍റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഒരു മാസം മുമ്ബ് കാരയ്ക്കാക്കുഴി ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുമ്ബാണ് എമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോയില്‍ ജോലിയില്‍ പ്രവേശിച്ചത്.

Previous Post Next Post