പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാനയക്രമണം. പാലക്കാട് മുണ്ടുരില്‍ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. മുണ്ടുർ ഒടുവങ്ങാട് കയറംകോട് സ്വദേശി അലൻ (24)ആണ് കാട്ടാനയക്രമണത്തില്‍ കൊല്ലപ്പെട്ടത്. കണ്ണാടൻചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
ഞായറാഴ്ച രാത്രിയോടെ മുണ്ടുർ കണ്ണാടൻചോല എന്ന് സ്ഥലത്ത് വെച്ചായിരുന്നു അപകടം. അലനും അമ്മ വിജിയും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയിലാണ് കാട്ടാന ആക്രമിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അലൻ മരിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് അംഗം ലക്ഷമണൻ പറഞ്ഞു.
അമ്മ വിജിയുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് വിവരം. വിജിക്ക് ആനയുടെ ചവിട്ടേറ്റെന്ന് ഗ്രാമപഞ്ചായത്തംഗം ലക്ഷമണൻ പറഞ്ഞു.ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട അലന്റെ മൃതദേഹം മേല്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.