കൊച്ചി: സിഎംആർഎൽ - എക്‌സാലോജിക് ഇടപാടിൽ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓർഗനൈസേഷൻ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്കു സമൻസ് അയയ്ക്കുന്നത് അടക്കമുള്ള നടപടികൾക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകിയതെന്ന, സിഎംആർഎലിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സിഎംആർഎൽ ഹർജി നൽകിയത്. രണ്ടു മാസത്തേക്കു തുടർ നടപടി നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശം.
സിഎംആർഎൽ - എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയിൽ ഉൾപ്പടെയുള്ളവർക്ക് സമൻസ് അയക്കാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് കേസിൽ 13 പ്രതികളാണുള്ളത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉൾപ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയത്.
സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവർത്തകനായ എംആർ അജയൻ നൽകിയ ഹർജി പരിഗണിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹർജിയിലെ ആവശ്യം.