പുലര്‍ച്ചെ രണ്ടുമണിയോടെ കാണാതായി; കണ്ണൂരില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Previous Post Next Post