കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍?; രാഷ്ട്രപതി-പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭ്യൂഹം ശക്തം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹം ശക്തമാകാന്‍ കാരണം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഈ ആഴ്ച കേന്ദ്രമന്ത്രിസഭായോഗം ഉണ്ടായിരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് തമിഴ്‌നാട്, അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണെന്നാണ് അഭ്യൂഹം ശക്തമായിട്ടുള്ളത്.

സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞശേഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസങ്ങളില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് ഏപ്രില്‍ 19 ന് ശേഷം എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാം. കാത്തിരിക്കൂവെന്ന് ഒരു മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കാമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വഖഫ് നിയമം, ഏകീകൃത സിവില്‍കോഡ്, ബിജെപി ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയവയും ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.

Previous Post Next Post