'കെ2-18ബി മറ്റൊരു ഭൂമി'; വിദൂര ഗ്രഹത്തില്‍ ജീവന്റെ സാധ്യത ശക്തമെന്ന് ഗവേഷകര്‍

ലണ്ടന്‍: ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ശക്തമായ സൂചനകള്‍ നല്‍കി ഗവേഷകര്‍. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയാണ് നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. കെ2-18 ബി എന്ന ഗ്രഹത്തെ കുറിച്ച് പഠിക്കുന്ന കേംബ്രിഡ്ജ് സംഘമാണ് കണ്ടെത്തലുകള്‍ക്ക് പിന്നില്‍.

കെ2-18 ബി എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജീവന്റെ സാന്നിധ്യത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയെന്നാണ് ഗവേഷകരുടെ വാദം. രണ്ടാമത്തെ തവണയാണ് ഈ സൂചനകള്‍ ലഭിക്കുന്നത് എന്നതിനാല്‍ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണിവയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോഴത്തെ നിരീക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

'ഇവിടെ ജീവന്‍ ഉണ്ടെന്ന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ തെളിവാണിത്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സിഗ്‌നല്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്.' കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമി മുഖ്യ ഗവേഷകനായ പ്രൊഫസര്‍ നിക്കു മധുസൂദന്‍ ബിബിസിയോട് പ്രതികരിച്ചു.

കെ2-18 ബി എന്ന ഗ്രഹം ഭൂമിയുടെ രണ്ടര ഇരട്ടി വലിപ്പമുള്ളതും എഴുനൂറ് ട്രില്യണ്‍ മൈല്‍ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജീവന്റെ സാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കുന്ന രണ്ട് തന്മാത്രകളില്‍ ഒന്നിന്റെയെങ്കിലും ശക്തമായ സാന്നിധ്യമുണ്ട്. ഡൈമെഥൈല്‍ സള്‍ഫൈഡ്, ഡൈമെഥൈല്‍ ഡൈസള്‍ഫൈഡ് തുടങ്ങിയവയുടെ സാന്നിധ്യം ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് അധികമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post