തിരുവാതുക്കലില്‍ നടന്ന ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് സംശയം. രണ്ട് വളര്‍ത്തുനായ്ക്കളായിരുന്നു വീട്ടിലുണ്ടായിരുന്നത്.
എന്നാല്‍ ഇതിലൊരു നായ കഴിഞ്ഞദിവസം ചത്തിരുന്നു. മറ്റൊന്നിനെ ഇന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ചത്ത നായക്ക് പകരം പുതിയ ഒന്നിനെ കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ ഗീതയും വാങ്ങിയിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഇതിന് പുറമെ വീട്ടിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്ക് മുഴുവന്‍ നഷ്ടപ്പെട്ട നിലയിലാണെന്നും പൊലീസ് പറയുന്നു. ഇതാണ് കൊലപാതകം ആസൂത്രിതമെന്ന് സംശയിക്കാന്‍ കാരണം.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും ഡോക്ടറായ മീരയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്‍റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല.തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വിജയകുമാറിന്‍റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്‍ന്ന നിലയിലും കണ്ടെത്തി.
കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയിരിക്കുന്നത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.എന്നാല്‍ മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്.ഇയാള്‍ മുമ്ബ് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈൻ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായിരുന്നു. വിജയകുമാറിന്റെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടർന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അമിതിന്റെ ഫോണ്‍ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.ഇയാള്‍ കുറച്ച് നാളുകള്‍ക്ക് മുമ്ബ് വീട്ടില്‍ എത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്‍റെ ഉടമകളാണ് വിജയകുമാറും മീരയും.ഇവരുടെ മകന്‍ 2018 ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹരജി നല്‍കിയിരുന്നു.ഇക്കാര്യത്തില്‍ അടുത്ത് വിധി വരാനിരിക്കെയാണ് വിജയകുമാറും മീരയും കൊല്ലപ്പെട്ടത്.
വീട്ടില്‍ ഡോഗ് സ്‌ക്വാഡ്, ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെയും ഇതര പൊലീസ് വിഭാഗങ്ങളുടേയും പരിശോധന പുരോഗമിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്.