'മാപ്പ് പറയുന്ന വീഡിയോ പ്രചരിപ്പിച്ചു', അഭിഭാഷകന്‍ പി ജി മനുവിന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍

അഭിഭാഷകന്‍ പി ജി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ നിരന്തരമായ ശല്യമാണ് മനുവിന്റെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിലപാട്.

ഞായറാഴ്ചയായിരുന്നു മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്ന മനു പീഡന കേസില്‍ പ്രതിയായതോടെ രാജിവെക്കുകയായിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു മനുവിന് എതിരായ കേസ്. കേസില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച, മനു മാപ്പ് പറയുന്ന വിഡിയോ പകര്‍ത്തി പ്രചരിപ്പിച്ച വ്യക്തിയാണ് ഇപ്പോള്‍ അറസ്റ്റിലായ ജോണ്‍സണ്‍. ഈ മാസം ആദ്യം ഫെയ്‌സ്ബുക്കില്‍ ജോണ്‍സണ്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷവും സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും മനുവിനെ ജോണ്‍സണ്‍ സമ്മര്‍ദത്തിലാക്കിയിരുന്നതായും മരിക്കുന്നതിന് മുന്‍പ് മനു സുഹൃത്തുക്കള്‍ക്കും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും അയച്ച വാട്സാപ് സന്ദേശത്തില്‍ വിശദീകരിച്ചിരുന്നു. വീഡിയോ ഉപയോഗിച്ച്‌ മനുവിനെ നിരന്തരം ജോണ്‍സണ്‍ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
Previous Post Next Post