സിനിമ സൈറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് ഒരു പ്രധാന നടൻ തന്നോട് മോശമോയി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ വലിയ ചർച്ചകളാണ് സിനിമ ലോകത്തും സൈബർ ലോകത്തും ഉയർന്നു വന്നത്. താരസംഘടന ഉള്‍പ്പെടെ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്നോട് മോശമായി പെരുമാറിയ ആ നടന്റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്നാണ് താരസംഘടന വ്യക്തമാക്കുന്നത്.
വിൻസി പേര് വെളിപ്പെടുത്തിയാല്‍ ഉടൻ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല വ്യക്തമാക്കി. വിൻസിയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്ബോള്‍ നടീനടൻമാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ലഹരി ഉപയോഗിച്ച് ഒരു പ്രധാന നടൻ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. തന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമയില്‍ സഹകരിക്കില്ലെന്ന പ്രസ്താവന സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു താരം. സമൂഹ മാധ്യമത്തിലുടെയാണ് നടി തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. സിനിമ സൈറ്റില്‍വെച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നാണ് വിൻസിയുടെ വെളിപ്പെടുത്തല്‍.
അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും താരം പറയുന്നു. അവരെവെച്ച് സിനിമകള്‍ ചെയ്യാനും ആള്‍ക്കാരുണ്ട്. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും നടി വ്യക്തമാക്കി. സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് താനെന്നും വിൻസി കൂട്ടിച്ചേർത്തു.
വിൻസിയുടെ വാക്കുകള്‍ ഇങ്ങനെ..
"കുറച്ചുദിവസങ്ങള്‍ക്കുമുൻപ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ അവയ്ക്കെല്ലാം വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.
പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവർത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്ബോള്‍; എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോള്‍, ഞാനും വരാം, ഞാൻ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.
വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റില്‍ ഇതുപയോഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റുവശങ്ങളാണ്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്ബോള്‍ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജോലി ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവംകൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാൻ അണ്‍കംഫർട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയും ചെയ്തു.
പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയില്‍നിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളില്‍നിന്നുണ്ടാവുന്നത്. എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയില്‍നിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.
സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കില്‍ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനില്‍ക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങള്‍ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.
ലഹരി ഉപയോഗിക്കുന്നവർ വ്യക്തിജീവിതത്തില്‍ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്ബോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളില്‍ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകള്‍ ചെയ്യാൻ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്." വിൻസിയുടെ വാക്കുകള്‍.
ഇതിന് പിന്നാലെ വലിയ ചർച്ചകളും വിമർശനങ്ങളുമാണ് സിനിമാ ലോകത്തും സൈബർ ലോകത്തും ഉയർന്നു വന്നത്.